ബുർജ് ഖലീഫ 15 വയസ്സിന്റെ നിറവിൽ
ദുബൈ |ലോകത്തിലെ പൊക്കം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ (“ഖലീഫ ടവർ”)15 വയസ്സിന്റെ നിറവിൽ .ദുബൈ ഡൗൺ ടൗണിൽ 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്തതാണ്. 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള കെട്ടിടമാണ്. മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004ന് . രണ്ട് കിലോമീറ്റർ വിസ്തൃതിയിലുള്ള വികസനപദ്ധതിയുടെ ഭാഗമായാണ് ബർജ് ഖലീഫ വിഭാവനം ചെയ്തത് . ശൈഖ് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റൻ എടുപ്പിന്റെ ശില്പി അഡ്രിയാൻ സ്മിത്ത് ആണ്. പ്രധാന നിർമ്മാണ കരാറുകാർ സാംസങ്ങ്, ബേസിക്സ്, അറബ്ടെക് എന്നീ കമ്പനികൾ നേടി . നിർമ്മാണ മേൽനോട്ടം ടർണർ എന്ന കമ്പനിയാണ് ഏറ്റെടുത്തത് . മൊത്തം നിർമ്മാണ ചെലവ് ഏകദേശം 150 കോടി ഡോളർ . മൊത്തം വികസനപദ്ധതിയായ ഡൌൺ ടൌൺ ദുബൈയുടെ നിർമ്മാണ ചെലവ് 2000 കോടി ഡോളർ . ലോകപ്രശസ്തരായ ബിൽ ബേക്കർ എന്ന ചീഫ് സ്ട്രക്ച്വറൽ എഞ്ചിനീയറും, അഡ്രിയൻ സ്മിത്ത് എന്ന ചീഫ് ആർക്കിടെക്റ്റും ചേർന്നാണ്രൂ പകൽപ്പന നിർവ്വഹിച്ചത്. ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ്ങ് സി ആൻഡ് ടി നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രധാന കരാർ നേടി . ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്പേയ് 101, മലേഷ്യയിലെ ട്വിൻ ടവറുകൾ എന്നിവ നിർമ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. ഹൈദർ കൺസൾട്ടിംഗ് കമ്പനിയാണ് നിർമ്മാണത്തിലെ എഞ്ചിനീയറിംഗ് സൂപ്പർവൈസറായി നിയോഗിക്കപ്പെട്ടത്. 12000 ൽ അധികം നിർമ്മാണ തൊഴിലാളികൾ ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിനു പിന്നിൽ അധ്വാനിച്ചു . ഇതുകൂടാതെ അത്രതന്നെ എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവർ ഇതിന്റെ വിവിധ എഞ്ചിനീയറിംഗ് ജോലികളിൽ പങ്കെടുത്തു. 2004 ജനുവരിയിലാണ് ബുർജ് ഖലീഫയുടെ അടിത്തറ ജോലികൾ ആരംഭിച്ചത്. സിലിണ്ടർ ആകൃതിയിലുള്ള കുഴികൾ കുഴിച്ച് അതിൽ കോൺക്രീറ്റും കമ്പിയും ചേർത്ത് തൂണുകൾ വാർത്താണ് പൈലുകൾ ഉണ്ടാക്കിയത്ത് . ഇത്തരത്തിലുള്ള 192 പൈലുകളാണ് ബുർജ് ഖലീഫയുടെ അടിസ്ഥാനം.. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 3,30,000 ക്യുബിക് മീറ്റർ കോൺക്രീറ്റും, 55,000 ടൺ സ്റ്റീൽ കമ്പിയും ഉപയോഗിച്ചു.2006 മാർച്ച് മാസം ആയപ്പോഴേക്കും 50 നിലകൾ പിന്നിട്ടു. 2007 ഫെബ്രുവരിയിൽ നിലവിലുണ്ടായിരുന്ന ഏറ്റവും അധികം നിലകളോടുകൂടിയ സിയേഴ്സ് ടവറിന്റെ ഉയരവും കവിഞ്ഞിരുന്നു ബുർജ് ഖലീഫ. 2007 സെപ്റ്റംബർ ആയപ്പോഴേക്കും 150 നിലകളും പൂർത്തീകരിച്ചു. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, ആയിരത്തോളം ലക്ഷ്വറി റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, റിക്രിയേഷൻ സൌകര്യങ്ങൾ, തുടങ്ങി ഒരു ആധുനിക നഗരത്തിൽ വേണ്ടതെല്ലാം ഈ പടുകൂറ്റൻ സൌധത്തിനുള്ളിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു. പ്രശസ്ത ഇറ്റാലിയൻ ഹോട്ടൽ ഗ്രൂപ്പായ അർമ്മാനി ബുർജ് ഖലീഫയിലെ 5 സ്റ്റാർ ഹോട്ടൽ നടത്തുന്നു . 58 ലിഫ്റ്റുകളുള്ള ഈ ടവറിലെ ഒരു ലിഫ്റ്റ് പോലും ഗ്രൌണ്ട് ഫ്ലോർ മുതൽ 160 മത്തെ നിലവരെ സഞ്ചരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പ്രധാന സർവ്വീസ് ലിഫ്റ്റ് കെട്ടിടത്തിന്റെ മധ്യഭാഗത്താണുള്ളത്. ഈ ലിഫ്റ്റ് ഒറ്റയടിക്ക് 504 മീറ്റർ ഉയരം വരെ പോകാൻ തക്കവിധം നിർമ്മിച്ചിട്ടുള്ളതാണ്. കൂടാതെ ലിഫ്റ്റുകളോരോന്നും ഡബിൾ ഡക്കർ കാബുകളാണ് – ഓരോന്നിലും 14 യാത്രക്കാർ വരെ ഒരുമിച്ച് യാത്രചെയ്യാം. സെക്കന്റിൽ 10മീറ്റർ വേഗത്തിലാണ് പ്രധാന ലിഫുകളുടെ സഞ്ചാരം.
ബുർജ് ഖലീഫ വിറ്റത് 880 കോടി ദിർഹത്തിന്റെ വീടുകൾ
നഗരത്തിലെ ശരാശരി നിരക്കിനേക്കാൾ 78.5 ശതമാനം കൂടുതലാണ് ബുർജ് ഖലീഫയിലെ വസ്തു വില.അതേസമയം ഫർണിച്ചറുകളും വലുപ്പവും അനുസരിച്ച് ഒരു കിടപ്പുമുറി യൂണിറ്റിന്റെ വാടക പ്രതിവർഷം150,000 ദിർഹം മുതൽ 180,000 ദിർഹം വരെയാണ്. നഗരവ്യാപകമായി ചതുരശ്ര അടിക്ക് 1,680 ദിർഹം എന്ന ശരാശരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ബുർജ് ഖലീഫയിലെ ശരാശരി നിരക്ക് ചതുരശ്ര അടിക്ക് 3,000 ദിർഹമാണ്.
2010 മുതൽ ദുബൈയിൽ വസ്തു വിൽപ്പനയിൽ 1.77 ട്രില്യൺ ദിർഹം രേഖപ്പെടുത്തിയിട്ടുണ്ട്. ബുർജ് ഖലീഫയുടെ വിഹിതം 0.5 ശതമാനമാണ്. 2024 ൽ ബുർജ് ഖലീഫ 46.71 കോടി ദിർഹത്തിന്റെ ഭവനം കൈമാറി . കെട്ടിടത്തിൽ വിൽപ്പനയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണത്തിൽ 27 ശതമാനം കുറവുണ്ടായി. ഉയർന്ന ആസ്തിയുള്ള വ്യക്തികളാണ് വാങ്ങുന്നത് .
കഴിഞ്ഞ വർഷം ബുർജ് ഖലീഫയിൽ ആകെ 98 നോൺ-ബ്രാൻഡഡ് റെസിഡൻഷ്യൽ യൂണിറ്റുകൾ വിറ്റു. ഒരു വീടിന് ശരാശരി ഇടപാട് വില 48 ലക്ഷം ദിർഹമായിരുന്നു. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന വില രണ്ട് കിടപ്പുമുറി അപ്പാർട്ട്മെന്റിന് ചതുരശ്ര അടിക്ക് 4,391 ദിർഹമായിരുന്നു. അത് 97 ലക്ഷം ദിർഹത്തിന് വിറ്റു.
2010-ൽ ഉദ്ഘാടനം ചെയ്തതിനുശേഷം, ദുബൈയിൽ ബുർജ് ഖലീഫ 880 കോടി ദിർഹത്തിന്റെ വീടുകളുടെ വിൽപ്പന നടത്തി.നഗരത്തിലെ ഏതൊരു കെട്ടിടത്തിനും ലഭിച്ച ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. 620 കോടി ദിർഹമായ അറ്റ്ലാന്റിസ് ദി റോയലിനേക്കാൾ 43 ശതമാനം മുന്നിലാണ് ഇത്.