Dubai: +971506749971, India: +919746311413, kmabbas@gmail.com

Vlog

ബുർജ് അൽ അറബ്

ഒരേയൊരു സപ്തനക്ഷത്രം

ദുബൈയിൽ ബുർജ് അൽ അറബിൽ ഒരിക്കൽ കൂടി.വാർത്ത സമ്മേളനങ്ങളുണ്ടെങ്കിൽ മുമ്പൊക്കെ പോകുന്ന ഇടമാണ്.ഇന്ന് അങ്ങിനെയൊരവസരം ലഭിച്ചിട്ടാണ്.ജുമൈറയിൽ ഏറ്റവും പ്രലോഭിപ്പിക്കുന്ന ഹോട്ടലാണിത്.ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടവും ഹോട്ടലും ബുർജ് ഖലീഫയും അതിനകത്തെ അർമാനിയുമാണെങ്കിലും മനോഹാരിത കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ളത് ബുർജ് അൽ അറബ്.കടലിലാണ് ഹോട്ടൽ.കരയിൽ നിന്ന് പാലം കൊണ്ട് ബന്ധിച്ചിരിക്കുന്നു.ലോകത്തെ ഏക സപ്ത നക്ഷത്ര ഹോട്ടൽ.1993ലാണ് ഞാൻ ദുബൈയിലെത്തുന്നത്.അതേ വർഷം നിർമാണം ആരംഭിച്ചു.കടലിൽ കോൺക്രീറ്റ് തറയൊരുക്കുന്നത് എഞ്ചിനീയറിംഗ് വെല്ലുവിളി ആയിരുന്നു.ആറ് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 25 വർഷമായി ആധുനിക ദുബൈയുടെ പ്രധാന അടയാളമാണ്.അകത്തെ ആഡംബര കാഴ്ചകൾ കാണാൻ 250 ദിർഹത്തിൻറെ ടിക്കറ്റുണ്ട്.കവാടത്തിൽ നിന്ന് ബഗ്ഗിയിൽ പോകാം. 321 മീ. ഉയരത്തിൽ പായ് വഞ്ചി ആകൃതിയിലുള്ളതാണ് ഈ കെട്ടിടം.ഒരു ദിവസത്തെ താമസത്തിന് 50000 ദിർഹത്തിലധികം വരും.കടലിനടിയിലെ കാഴ്ചകൾ ഒരുക്കിയുള്ള റെസ്റ്റോറൻറുകൾ വിസ്മയത്തിൻറെ വയറുനിറയ്ക്കും. 27-ാം നിലയിൽ ബോൾറൂമിലാണ് മിക്കപ്പോഴും വാർത്താ സമ്മേളനങ്ങൾ.പടവിറങ്ങിയാൽ വേദിയും ഹാളുമായി.രജനീകാന്ത്,എ ആർ റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്ത ഒരു സിനിമാ പ്രമോഷന് ഇവിടെ മുമ്പൊരിക്കൽ വന്നിരുന്നു. കടലിൻ്റെയും ജുമൈറ തീരത്തിൻറെയും വിദൂര ഭംഗികൾ കണ്ണാടി പ്രതലത്തിലൂടെ ആസ്വദിക്കാം. അറേബ്യന്‍ ഗൾഫ് സമുദ്രത്തില്‍ മനുഷ്യനിർമിത ദ്വീപിലാണ് ബുർജ് അല്‍ അറബ് അഥവാ അറേബ്യന്‍ ടവർ നിർമിച്ചത്. ബ്രിട്ടീഷ് ആർക്കിടെക്റ്റ് ടോം റൈറ്റ് ആണ് ഈ കെട്ടിടം രൂപകല്പന ചെയ്തത്. പ്രധാന റോഡിനെ ദ്വീപുമായി ബന്ധിപ്പിക്കുന്ന 280 മീറ്റർ നീളത്തിൽ പാലമുണ്ട്. വാലെക്കു വേണ്ടി റോൾസ് റോയ്സ്, മെയ്ബക്, ഫെരാറി, ലംബോർഗിനി, ബെന്റ്ലി തുടങ്ങിയ ആഡംബര കാറുകൾ നിരന്നു കിടക്കുന്നു.ബുർജ് അൽ അറബ് കാണാൻ വേണ്ടി ധാരാളം വിനോദ സഞ്ചാരികൾ എത്താറുണ്ട്.ഒരു പക്ഷേ,ഏറ്റവും ദൃശ്യങ്ങൾ പകർത്തപ്പെടുന്നത് ഹോട്ടലിൻ്റെ പശ്ചാത്തലത്തിലാകാം,എൻ്റേതുൾപടെ.കെ എം അബ്ബാസ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button