ശൈഖ് ഹമദിന് റമദാൻ ആശംസകൾ നേർന്ന് ഖലീൽ തങ്ങൾ
ഫുജൈറ: യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി എന്നിവർക്ക് റമസാൻ ആശംസകൾ നേർന്ന് കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി. ഫുജൈറയുടെ ഭരണാധിപനെന്ന നിലയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ ശൈഖ് ഹമദിന്റെ സംഭാവനകൾ എടുത്തുപറഞ്ഞ ഖലീൽ തങ്ങൾ ഇമാറാത്തിന്റെ സുസ്ഥിരവികസനത്തിനായി അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ യു എ ഇയുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ചതായി അഭിപ്രായപ്പെട്ടു.
ഇന്ത്യയും യു എ ഇയുമായുള്ള ഊഷ്മള ബന്ധവും അതിൽ കേരളീയരുടെ സവിശേഷ സംഭാവനകളും വിലമതിക്കാനാവാത്തതാണെന്ന് ഭരണാധികാരികൾ അഭിപ്രായപ്പെട്ടു. ഐ സി എഫ് നാഷനൽ ഹാർമണി സെക്രട്ടറി സാബിത് വാടിയിൽ, മഅ്ദിൻ കോർഡിനേറ്റർ ഇബ്രാഹീം അദനി എന്നിവർ ഖലീൽ തങ്ങൾക്കൊപ്പമുണ്ടായിരുന്നു.