തൊഴിലാളികൾക്ക് ആശ്വാസമായി ‘നന്മ ബസ്’
ദുബൈIറമസാൻ മാസത്തിന്റെ വിശുദ്ധിയും കാരുണ്യപ്രവർത്തനങ്ങളുടെ മഹത്തായ പ്രാധാന്യവും ഓർമ്മിപ്പിക്കുന്ന ഒരു മനുഷ്യത്വപരമായ ഉദ്യമത്തിലൂടെ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഈ വർഷവും തൊഴിലാളികളുടെ ഹൃദയങ്ങൾ തൊടുന്നു. ‘നന്മ ബസ്’ എന്ന പേരിലുള്ള ഈ പദ്ധതി, ദുബൈയിൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദിവസവും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുകയാണ്. മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, ദുബൈ ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് ഈ മനുഷ്യത്വപരമായ പ്രവർത്തനം നടത്തുന്നത്. ദുബൈ നഗരത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ റംസാനിലും ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തിൽ പോഷകസമൃദ്ധമായ ഇഫ്താർ ഭക്ഷണം അവർക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ വർഷം ഈ മാസത്തിൽ 1,50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദിവസവും 5,000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിക്കും. തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിബദ്ധത ഈ ഉദ്യമത്തിലൂടെ വ്യക്തമാക്കുന്നുവെന്ന് ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പിസിഎൽഎ ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. “റമസാൻ നൽകലിന്റെയും സഹാനുഭൂതിയുടെയും യഥാർത്ഥ അർത്ഥം ഉൾക്കൊള്ളുന്നു. ‘നന്മ ബസ്’ സംരംഭത്തിലൂടെ, സാമൂഹിക ഉത്തരവാദിത്ത മൂല്യങ്ങൾ ശക്തിപ്പെടുത്താനും ദുബൈ സമൃദ്ധിക്ക് സംഭാവന നൽകുന്ന തൊഴിലാളികൾക്ക് ആവശ്യമായ പിന്തുണ നൽകാനും ഞങ്ങൾ ലക്ഷ്യമിടുന്നു. സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അന്തരീക്ഷം വളർത്താനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ജനറൽ സാലിഹ് സാഹിർ അൽ മസ്രൂയി, ദുബൈ ചാരിറ്റി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ സുവൈദി എന്നിവരും ഈ സംരംഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഐക്യദാർഢ്യം വളർത്തുന്നതിനും കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവർ ഊന്നിപ്പറഞ്ഞു. വെസ്റ്റേൺ യൂണിയൻ, മുസ്തഫ ബിൻ അബ്ദുൾ ലത്തീഫ് ഗ്രൂപ്പ് എന്നിവരുടെ സഹകരണവും ഈ പദ്ധതിക്ക് ലഭിക്കുന്നു.
0 12 1 minute read