ഗൾഫ് കാഴ്ച
നഗരങ്ങളും നാഗരികതകളും ഇല്ലാതാകുന്ന വിധം
കെ എം അബ്ബാസ്
ഇസ്രാഈൽ ഇറാനെ അക്രമിച്ചതോടെ മധ്യ പൗരസ്ത്യ ദേശം സമാധാനത്തിലും വികസനത്തിലും വീണ്ടും പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് പോവുകയാണ് .1948ൽ ഇസ്രാഈൽ സ്ഥാപിതമായത് മുതൽ ഘട്ടം ഘട്ടമായി ഓരോ ആക്രമണങ്ങൾ .തുടർന്നു അമേരിക്കയുടെ ഇടപെടലുകൾ.നീതിയോ ന്യായമോ വസ്തുതകളോ ആവശ്യമില്ല .ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുണ്ട് എന്ന കള്ളം പറഞ്ഞാണ് സദ്ദാം ഹുസൈന്റെ ഇറാഖിനെ നശിപ്പിച്ചത് .പൈതൃക സൂക്ഷിപ്പിന്റെ, ലോകത്തിലെ ഏറ്റവും വലിയ കലവറയായ ബാഗ്‌ദാദ് നാമാവശേഷമായി .വാസ്തവത്തിൽ ഇസ്രാഈലിന്റെ കുതന്ത്ര ഫലമായിരുന്നു ഗൾഫ് യുദ്ധം .സദ്ദാമിനെ ഇസ്രാഈലിന് ഭയമായിരുന്നു .അമേരിക്കയും ഇസ്രാഈലും പാശ്ചാത്യ രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ചു .ഇറാഖ് തകർന്നു .ഇതിനിടയിൽ പല അയൽ രാജ്യങ്ങളിലേക്കും ഇസ്രാഈൽ മിസൈൽ വർഷിച്ചു കൊണ്ടിരുന്നു .ഗസ്സയിൽ ഓരോ പത്തു വർഷം കൂടുമ്പോൾ പതിനായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരുന്നു .ഇത്തവണ ഗസ്സ ഏതാണ്ട് പൂർണമായും നരകതുല്യമായി .മനുഷ്യ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത വിധം വംശീയ ഉന്മൂലനമാണ് .മാനിഷാദ എന്ന് പറയാൻ ആരുമില്ല .സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്നെങ്കിൽ ഇത്ര ക്രൗര്യം അനുവദിക്കില്ലായിരുന്നു .ഇറാഖ് തീർന്നപ്പോൾ ബശ്ശാർ അൽ അസദിന്റെ സിറിയ ആയി ലക്‌ഷ്യം .മുസ്‌ലിം ബ്രദർഹുഡിന്റെ ലക്ഷ്യങ്ങളുമായി നടന്ന അൽ നുസ്‌റ എന്ന ഭീകരവാദ സംഘടനയെ പാശ്ചാത്യ ശക്തികൾ ഉപയോഗിച്ചു .രഹസ്യമായി ആയുധങ്ങൾ നൽകി .ബശ്ശാറിന്റെ പിതാവ് ഹാഫിസ് അൽ അസദ് സിറിയ ഭരിച്ചു കൊണ്ടിരുന്നപ്പോൾ മുസ്‌ലിം ബ്രദർഹുഡിനെ അടിച്ചമർത്തിയിരുന്നു .അതാണ് ശത്രുവിന്റെ ശത്രു മിത്രമായത് .”ദാഇഷ്”മുസ്‌ലിം ബ്രദർഹൂഡിൽ നിന്നാണ് ജനിച്ചത് .ഇവർ കാരണം ലക്ഷക്കണക്കിനാളുകളുടെ പലായനം .ജോർദാനിലും മറ്റും അഭയാർഥികളായി ലക്ഷക്കണക്കിനാളുകൾ ഇപ്പോഴുമുണ്ട് .ഇനി ,ഇറാൻ .ഊർജ ആവശ്യത്തിനായി ആണവ സമ്പുഷ്‌ടീകരണം ഇറാൻ ആരംഭിച്ചത് മുതൽ ഇസ്രാഈലിനു വേണ്ടി അമേരിക്ക യുദ്ധതന്ത്രങ്ങൾ മെനയുകയായിരുന്നു .മനുഷ്യരെ കൊന്നൊടുക്കുന്നതിൽ ആനന്ദം കൊള്ളുന്ന ഭരണാധികാരികൾ ഈ കാലഘട്ടത്തിന്റെ ശാപം .ഇറാനും യുഎസും തമ്മിൽ കഴിഞ്ഞ ദിവസം ഒമാനിൽ പരോക്ഷ സമാധാന ചർച്ച നടക്കേണ്ടതായിരുന്നു .ഇതിനിടയിലാണ് ഇറാൻ ഇസ്രാഈലിനെ ആക്രമിച്ചത് .ചർച്ച നടക്കില്ലെന്ന് വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി അറിയിച്ചു .”നയതന്ത്രവും സംഭാഷണവും മാത്രമാണ് ശാശ്വത സമാധാനത്തിലേക്കുള്ള ഏക മാർഗം,” അദ്ദേഹം പറഞ്ഞു.ആര് കേൾക്കാൻ .
ഇസ്രാഈലിന്റെ പ്രവർത്തനങ്ങൾ വാഷിംഗ്ടണിന്റെ പിന്തുണയുടെ ഫലമാണെന്ന് വിശ്വസിക്കുന്നതായി ഇറാൻ .”ടെഹ്‌റാനെ കത്തിക്കും ” ഇസ്രാഈൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്.
ഇസ്രാഈൽ ഇറാനിൽ പുതിയ ആക്രമണങ്ങൾ നടത്തി. ഈ യുദ്ധത്തിൽ ഇറാൻ തോറ്റാലും ജയിച്ചാലും ഇസ്രാഈൽ അടങ്ങില്ല .യുദ്ധം ഭക്ഷണമായി കരുതുന്ന രാജ്യമാണത് .എന്നാൽ മധ്യപൗരസ്ത്യ ദേശത്തു എല്ലാ നിലയിലും പ്രതിസന്ധി കുമിഞ്ഞു കൂടുകയാണ് .ഇസ്രാഈൽ ആക്രമണ പശ്ചാത്തലത്തിൽ പല വികസന പ്രവർത്തനങ്ങളും മുന്നേറ്റങ്ങളും തടയപ്പെടുകയാണ് .
100 കോടി ഡോളർ വിലമതിക്കുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിന്റെ ഉദ്ഘാടനം ജൂലൈ മൂന്നിന് നടക്കേണ്ടതായിരുന്നു .മാറ്റിവെക്കുകയാണെന്നു ഈജിപ്ത് ശനിയാഴ്ച പ്രഖ്യാപിച്ചു.ഗൾഫ് രാജ്യങ്ങൾ പല വിമാന സർവീസുകൾ റദ്ദാക്കി .
ഇറാന്റെ നതാൻസ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ഇസ്രാഈൽ നടത്തിയ സൈനിക ആക്രമണം ആണവ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.വികിരണ അളവിന്റെ ലക്ഷണങ്ങൾ ഇറാനിയൻ അധികൃതർ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചതാണ് ആശ്വാസം .
“ആണവ കേന്ദ്രങ്ങൾക്കെതിരായ സായുധ ആക്രമണങ്ങൾ ആക്രമണത്തിന് വിധേയമായ രാജ്യത്തിന്റെ അതിർത്തിക്കുള്ളിലും പുറത്തും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും . റേഡിയോ ആക്ടീവ് പ്രകാശനങ്ങൾക്ക് കാരണമാകും” ഏജൻസി അടിവരയിട്ടു. ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ തത്വങ്ങളുടെയും ലംഘനമാണ് .”ആണവ സൗകര്യങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഏതൊരു സൈനിക നടപടിയും ഇറാനിലെയും മേഖലയിലെയും അതിനപ്പുറത്തെയും ജനങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” കൂടുതൽ സംഘർഷം ഒഴിവാക്കാൻ പരമാവധി സംയമനം പാലിക്കണമെന്ന് .ഐക്യരാഷ്ട്ര സഭ .ആരും ചെവിക്കൊള്ളുന്നില്ല .കയ്യൂക്കുള്ളവൻ കാര്യക്കാരൻ . 2018ൽ സിറിയയിലെ ഗൂത്തയിൽ രാസായുധങ്ങൾ പ്രയോഗിച്ച ശേഷം മോസ്‌കോയിൽ സിറിയ-റഷ്യ ബിസിനസ് ഫോറം നടന്നു. മനുഷ്യരെ ഉന്മൂലനം ചെയ്ത, കെട്ടിടങ്ങൾ തകർന്നടിയപ്പെട്ട പ്രദേശങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തി, എങ്ങിനെ ലാഭം കൊയ്യാം എന്നതായിരുന്നു റഷ്യയുടെ ആലോചന. എണ്ണ, പ്രകൃതിവാതകം എന്നിവ ലഭ്യമാകുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തി സിറിയ നൽകി.പകരം കുറേക്കൂടി രാസായുധങ്ങൾ വേണമെന്ന് മാത്രമായിരുന്ന സിറിയയുടെ ഉപാധി.ഇറാനിലും കൂട്ടമരണങ്ങൾ സംഭവിക്കും .സിറിയയിൽ ഏഴ് വർഷത്തിനിടയിൽ നാല് ലക്ഷം പേരാണ് മരിച്ചത് .ജനസംഖ്യയുടെ പകുതിയിലധികം നാടുവിട്ടു. മണിക്കൂറുകൾ ഇടവിട്ട് ഇറാന്റെ പല ഭാഗങ്ങളിലും ബോംബ് വീണു കൊണ്ടിരിക്കുന്നു. കൊച്ചു കുഞ്ഞുങ്ങൾ അടക്കം നൂറുകണക്കിനാളുകൾ മരിക്കുന്നു. ആയിരങ്ങൾ ഭവനരഹിതരാകുന്നു .നഗരങ്ങൾ തീർത്തും ഇല്ലാതാകുന്നു,നാഗരികതകളും .. കെ എം എ