1992 മെയ് ഒമ്പത്. ഗള്‍ഫ് മലയാളികള്‍ക്ക് ഈ തീയതി പ്രധാനമാണ്. അന്നാണ് ഗള്‍ഫില്‍ ആദ്യമായി റേഡിയോയിലൂടെ ‘ഗള്‍ഫ് മലയാള’ ശബ്ദം കേട്ടത്; റാസല്‍ ഖൈമ റേഡിയോ മലയാള പ്രക്ഷേപണം ആരംഭിക്കുന്നത്. ഗള്‍ഫിലെ മലയാള മാധ്യമങ്ങളുടെ ചരിത്രത്തില്‍ അത് നാഴികക്കല്ലാണ്. ഗള്‍ഫില്‍ പുതുതായി എത്തിപ്പെടുന്ന മലയാളികള്‍, കേട്ടാല്‍ അത്ഭുതപ്പെടുന്ന, ഒരു കാലത്തെ കീഴ്‌മേല്‍ മറിക്കുന്ന പ്രക്രിയയായിരുന്നു അത്. എഴുപതുകളില്‍ തന്നെ മലയാളികള്‍ ഗള്‍ഫിലേക്ക് ഒഴുകിയെത്തിയിരുന്നെങ്കിലും പല ദിനചര്യകളെയും സാംസ്‌കാരിക ചിഹ്നങ്ങളെയും അവന്/അവള്‍ക്ക് നാട്ടില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതില്‍ പ്രധാനം, രാവിലെ ചായയോടൊപ്പം വാര്‍ത്ത കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുക എന്നതായിരുന്നു. നാട്ടില്‍, മിക്ക വീടുകളിലും റേഡിയോ ഉണ്ടായിരുന്നു. യേശുദാസിന്റെയും രാമചന്ദ്രന്റെയും ഖാന്‍ കാവിലിന്റെയും മറ്റും ശബ്ദം പരിചിതമായിരുന്നു. ഓരോ മലയാളിയുടെയും ഹൃദയത്തില്‍ അവര്‍ വളരെ വേണ്ടപ്പെട്ട ആളുകളായി മാറിയിരുന്നു. പത്രങ്ങളും വീട്ടുപടിക്കല്‍ എത്തിത്തുടങ്ങിയിരുന്നു. വിവരങ്ങള്‍ അറിയുന്നതിനപ്പുറത്ത്, ജീവിതത്തിന്റെ ഗതി മാറ്റാന്‍ പോന്ന പലതും, തൊഴില്‍ സാധ്യതകള്‍ വരെ പത്രങ്ങളും റേഡിയോയും നല്‍കി. ഗള്‍ഫില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ പോലും വ്യാപകമായിരുന്നില്ല. തൊഴിലന്വേഷണത്തിന് ‘ക്ലാസിഫൈഡ്’ മറിച്ച് നോക്കുന്നതിനപ്പുറത്ത്, വായന രുചിപ്രദമായിരുന്നില്ല. നാട്ടില്‍ നിന്ന് മലയാള പത്രങ്ങള്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് ഗള്‍ഫിലെത്തുക. അപ്പോഴേക്കും വാര്‍ത്തകളുടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കും. ഗള്‍ഫില്‍ മലയാളികളുടെ വാര്‍ത്താ ദാഹം ശമിപ്പിക്കുന്ന എന്തും എവിടെയും വിജയിക്കുമെന്ന് ഏവര്‍ക്കും അറിയാം. പക്ഷേ, പൂച്ചക്ക് ആര് മണികെട്ടും. അന്ന്, സാഹസികത മാത്രം കൈമുതലാക്കി കാസര്‍കോട്ടുകാരന്‍ ബശീര്‍ അബ്ദുല്ല, കോഴിക്കോട്ടുകാരന്‍ കെ ടി അബ്ദുര്‍റബ്ബ്, തൃക്കരിപ്പൂരിലെ കെ പി അബ്ദുല്ല എന്നിവര്‍ രംഗത്തുവന്നു. അവര്‍ റാസല്‍ ഖൈമയില്‍ നിന്ന് ലൈസന്‍സ് സംഘടിപ്പിച്ചു. ശബ്ദഗാംഭീര്യമുള്ള കെ പി കെ വെങ്ങരയെ കൂടെ കൂട്ടി. റാസല്‍ ഖൈമ അന്ന് വികസനം എത്തി നോക്കിയിട്ടില്ലാത്ത എമിറേറ്റായിരുന്നു. ദുബൈയില്‍ നിന്ന് പോയി വരിക എളുപ്പമായിരുന്നില്ല. മൊബൈല്‍ ഫോണ്‍ പോയിട്ട്, ലാന്‍ഡ് ഫോണ്‍ പോലും ആവശ്യത്തിന് ഉണ്ടായിരുന്നില്ല. എന്നാലും അവര്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല. വിശുദ്ധ ഖുര്‍ആന്‍ ആലാപനത്തില്‍ തുടങ്ങി, ചലച്ചിത്ര ഗാനങ്ങളിലൂടെ പിച്ചവെച്ച്, വാര്‍ത്തകളുടെ ലോകത്തേക്ക് റാസല്‍ ഖൈമ റേഡിയോ പ്രവേശിച്ചു. യു എ ഇ മലയാളികളെല്ലാം ചെവി വട്ടം പിടിച്ചു. കെ പി കെ വെങ്ങരയും വെട്ടൂര്‍ ശ്രീധരനും രാമചന്ദ്രനും അവതരിപ്പിക്കുന്ന വാക്കുകളെ നെഞ്ചോട് ചേര്‍ത്തുവെച്ചു. അല്‍പം കഴിഞ്ഞ്, ഉമ്മുല്‍ ഖുവൈന്‍ റേഡിയോ ഉടലെടുത്തു. ഷാര്‍ജയിലായിരുന്നു സ്റ്റുഡിയോ. കെ പി കെ വെങ്ങര, ആല്‍ബര്‍ട്ട് അലക്‌സ്, മൊയ്തീന്‍ കോയ, സുബൈര്‍ മഠത്തില്‍, നാസര്‍ ബേപ്പൂര്‍, സത്യഭാമ, ആശാലത, ജയ, ആശാ ശരത്, ദീപ, രമേശ് പയ്യന്നൂര്‍ എന്നിവരൊക്കെ താരങ്ങളായി. ഇതിനിടയില്‍ റാസല്‍ ഖൈമ റേഡിയോ, റേഡിയോ ഏഷ്യയായി മാറി. 1996ലാണത്. നിസാര്‍ സെയ്ദ് എന്ന പുതിയ താരത്തിന്റെ ഉദയം കണ്ടു. വാര്‍ത്താവിശകലനങ്ങള്‍ റേഡിയോ പരിപാടികളുടെ തലക്കുറി മാറ്റിയെഴുതി. ഇന്ന് നിരവധി റേഡിയോ സ്‌റ്റേഷനുകള്‍ യു എ ഇയില്‍ സജീവം. കുവൈത്ത് ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളം അലയടിക്കുന്നു. തരംഗങ്ങള്‍ക്ക് ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെന്നു മാത്രം. നിലവിലെ സ്‌റ്റേഷനുകള്‍ വാണിജ്യപരമായി കടുത്ത മത്സരത്തിലാണെങ്കിലും ശ്രോതാക്കള്‍ക്ക് എല്ലാം സ്വീകാര്യം. ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം മേധാവിയായിരുന്ന ചന്ദ്രസേനന്‍, അബുദാബിയില്‍ ഡിജിറ്റല്‍ റേഡിയോ തുടങ്ങി. . പുതിയ തലമുറയിലെ കലാകാരന്മാര്‍ക്ക് വളക്കൂറുള്ള മണ്ണ് പരുവപ്പെടുത്തിക്കൊടുത്ത എത്രയോ പേര്‍ ഇപ്പോഴും യു എ ഇയിലുണ്ട്. മൊയ്തീന്‍ കോയ, സത്യഭാമ, ആശാ ശരത് തുടങ്ങിയവര്‍ വേറെ വഴികള്‍ തേടിപ്പോയെങ്കിലും അവര്‍ ഓര്‍ക്കപ്പെടുന്നത് വാക്കുകളിലൂടെ, നമ്മുടെ ഹൃദയത്തില്‍ കയറിക്കൂടിയവര്‍ എന്ന നിലയില്‍. ഗള്‍ഫില്‍ വിദേശീ സമൂഹത്തില്‍ കൂടുതലും മലയാളികള്‍ എന്നതുകൊണ്ടുമാത്രമല്ല, മലയാളം മാധ്യമങ്ങളില്‍ നിക്ഷേപം നടത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. വാര്‍ത്തകള്‍ അറിയാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും മലയാളികളോളം ഔത്സുക്യമുള്ള സമൂഹം വേറെയില്ല. അതുകൊണ്ടാണ്, അറബ് പ്രമുഖരും മലയാളം റേഡിയോകള്‍ സ്ഥാപിച്ചത്. ഹിറ്റ് എഫ് എം, ഗോള്‍ഡ് എഫ് എം എന്നിവയുടെ നടത്തിപ്പ് സ്വദേശികള്‍ക്കാണ്. നിലവില്‍, മിക്ക റേഡിയോകളും പക്വമാര്‍ന്ന സമീപനം പുലര്‍ത്തുന്നു. സാമൂഹിക ചലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവതാരകരുടെ വലിയ നിര തന്നെയുണ്ട്. km abbas
0 2 2 minutes read