ഗസ്സയുടെ പുനഃനിർമാണം നേരിടുന്ന തടസ്സങ്ങൾ,മധ്യ പൗരസ്ത്യ ദേശ സമാധാനവും
കെ എം അബ്ബാസ്
ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു .പക്ഷെ മധ്യ പൗരസ്ത്യ ദേശത്തു സമാധാനം ഇനിയും അകലെ .കാരണം ഏത് നിമിഷവും ഗസ്സയെ അക്രമിക്കാൻ ഇസ്രാഈലിന് അനുമതി നൽകുന്ന വ്യവസ്ഥ അമേരിക്ക കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .മാത്രമല്ല ,ഗസ്സയെ പുനഃനിർമിക്കാനുള്ള ബാധ്യത ഗൾഫ് രാജ്യങ്ങൾക്കുമാണ് .എല്ലാ പത്തു വർഷം കൂടുമ്പോൾ ഗസ്സയെ തകർക്കുന്ന ഇസ്രാഈൽ കിരാതം ഇനിയും തുടരുമെന്നർത്ഥം. ഗസ്സയിൽ വെടിനിർത്തൽ ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8.30നാണ് പ്രാബല്യത്തിൽ വന്നത് .പിന്നാലെ, ഇസ്രാഈലിന്റെ ഭീഷണി”ഞങ്ങൾക്ക് ഗസ്സയെ എപ്പോൾ വേണമെങ്കിലും അക്രമിക്കാനുള്ള അവകാശമുണ്ട് “.വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിൽ 737 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നാണ് ഇസ്രാഈൽ അറിയിച്ചത് .പകരമായി ഗസ്സ, ബന്ദികളാക്കിയവരെ വിട്ടയക്കണം .ഇതിൽ നിന്ന് ഒരു കാര്യം വ്യക്‌തം .ഇത്തവണത്തെ “യുദ്ധ”ത്തിനു പ്രധാന കാരണം ഗസ്സയെ ഇസ്രാഈൽ തടവറയാക്കിയതിനെതിരെയുള്ള പ്രത്യാക്രമണമായിരുന്നു .ആ പ്രത്യാക്രമണം ഹമാസ് ഇസ്രാഈലികളെ ബന്ദികൾ ആക്കിയതാണ് .
ഇസ്രാഈൽ ഗസ്സയിൽ ബോംബ് വർഷം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 46,899 ഫലസ്തീനികൾ കൊല്ലപ്പെട്ടു . 110,725 പേർക്ക് പരിക്കേറ്റു .ലക്ഷക്കണക്കിനാളുകൾ അഭയാർഥികളായി .2014ൽ ഒരു കാരണവുമില്ലാതെ ഇസ്രാഈൽ ആക്രമണം നടത്തിയിരുന്നു .അന്ന് 3000ലധികം ആളുകൾ കൊല്ലപ്പെട്ടു .ഗസ്സയിലെ പകുതി കെട്ടിടങ്ങൾ നിലം പൊത്തിയിരുന്നു .ഗൾഫ് രാജ്യങ്ങൾ അവ പുനഃനിർമിച്ചു വരികയായിരുന്നു .അപ്പോഴാണ് ,ഒന്നരവർഷം മുമ്പ് വീണ്ടും ഇസ്രാഈൽ പ്രകോപനം .ഗസ്സയിൽ മാത്രമല്ല ,ഫലസ്തീന്റെ വെസ്റ്റ് ബേങ്കിലും ഇസ്രാഈൽ കടന്നു കയറി .അപ്പോഴാണ്, ഗസ്സ ഇസ്രാഈലുകാരെ ബന്ദിയാക്കിയത് .പിന്നെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രാഈൽ തുരുതുരെ ആക്രമണമായിരുന്നു .ആശുപത്രികൾക്കും അഭയാർത്ഥി കൂടാരങ്ങൾക്കും ബോംബിട്ടു . കുഞ്ഞുങ്ങളെ പോലും കൂട്ടത്തോടെ കൊല്ലാൻ മടിയുണ്ടായില്ല .ലോകത്തു ഒരു യുദ്ധ മുഖത്തും ഇത്തരം ക്രൂരതകൾ അരങ്ങേറിയിട്ടില്ല .ഉക്രൈനെതിരെ റഷ്യ യുദ്ധത്തിലാണ് .പക്ഷെ ,റഷ്യ ആൾ നാശം പരമാവധി കുറക്കാൻ ശ്രമിച്ചു .ലോക ചരിത്രത്തിൽ മനുഷ്യരെ ഏറ്റവും കൊന്നൊടുക്കിയത് അമേരിക്കയും ഇസ്രാഈലും തന്നെ .അമേരിക്കയിലെ പ്രച്ഛന്ന ഭരണകൂടം ആസൂത്രണം ചെയ്യുന്നതാണ് എല്ലാം .സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ആരും ചോദിക്കാനില്ലാതായി .സിറിയയിൽ പോലും റഷ്യ പരാജയപ്പെട്ടു .ഗസ്സയിൽ ഹമാസുമായുള്ള മൂന്ന് ഘട്ട കരാറിന്റെ ആദ്യത്തേതിനെ “താൽക്കാലിക വെടിനിർത്തൽ” എന്നാണ് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്.യുദ്ധക്കൊതി അവസാനിച്ചിട്ടില്ല . ഇറാനെക്കൂടി കണ്ടു വെച്ചിട്ടുണ്ട് .അമേരിക്ക പറയുന്ന സമയത്തു ആക്രമണം തുടങ്ങും .
“ഗസ്സയിൽ നിന്ന് ഞങ്ങളുടെ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനാണ് ധാരണ . യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി ഞങ്ങൾ ഗണ്യമായ ആസ്തികൾ നിലനിർത്തുന്നു,” നെതന്യാഹു പറഞ്ഞു . “യുദ്ധത്തിലേക്ക് മടങ്ങാനുള്ള ഇസ്രാഈലിന്റെ അവകാശത്തിന് നിയുക്ത പ്രസിഡന്റ് ട്രംപും പ്രസിഡന്റ് ബൈഡനും പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്.”നെതന്യാഹു വെളിപ്പെടുത്തി .ഫലസ്തീനിലും ലബനാനിലും ഇസ്രാഈൽ മരണ താണ്ഡവത്തിനു അന്ത്യമാകില്ല .അമേരിക്കൻ പ്രച്ഛന്ന ഭരണകൂടം, ഡൊണാൾഡ് ട്രംപിന് അനുകൂലമായി ,ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ നിലകൊണ്ടത് തന്നെ ലോകത്തു കൂടുതൽ അധീശത്വം സ്ഥാപിക്കാനാണ് .ആയുധക്കച്ചവടം വർധിപ്പിക്കാനാണ് .
.ഫലസ്തീനെ,വിശേഷിച്ചു ഗസ്സയെ നാമാവശേഷമാക്കാനും അയൽരാജ്യങ്ങളുടെ ഭൂമി കയ്യേറാനും ഇസ്രാഈൽ നടത്തുന്ന ശ്രമങ്ങൾക്ക് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകും .അമേരിക്കയുടെ ലക്‌ഷ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയുധ കമ്പോളങ്ങളാണ് .ആ നയം ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്തിയതോടെ കുറേക്കൂടി ആർത്തി പൂണ്ടതാകും .കൂട്ടക്കൊലകൾ അവർക്കു നിസ്സാരം .മനുഷ്യർ,സാംസ്കാരിക വൈജാത്യമന്യേ പരസ്പരം ഇഷ്ടപെടുന്ന ഒരു ലോകമല്ല അമേരിക്കയുടെ ആഗ്രഹം .വിപണി മാത്രം .അതിന്റെ വ്യാപനത്തിന് എന്തും ചെയ്യും .മധ്യ പൗരസ്ത്യ ദേശത്തു ഇസ്രാഈലിനെ കൂട്ടുപിടിച്ചാണ് തേരോട്ടം .ഉക്രൈനെ മുൻ നിർത്തി ബാൾട്ടിക് മേഖല.മുമ്പ് പാകിസ്ഥാനെ ഉപയോഗിച്ചു ഏഷ്യ കീഴടക്കാൻ ശ്രമിച്ചിരുന്നു .ഇന്ത്യ,പാക്കിസ്ഥാനെക്കാൾ വലിയ കമ്പോളം ആയതിനാൽ ഒരു ഘട്ടമായപ്പോൾ നയം മാറ്റി .ചൈന മാത്രമായി ശത്രു .
അമേരിക്കയ്ക്ക് എന്തെങ്കിലും ബാധ്യത വരുമ്പോൾ എണ്ണ സമ്പന്ന രാജ്യങ്ങളെ ആശ്രയിക്കും .പുനഃനിർമാണം എണ്ണ സമ്പന്ന രാജ്യങ്ങളുടെ തലയിൽ .ഇറാഖ് ,സിറിയൻ രാജ്യങ്ങൾക്കെതിരെ അമേരിക്ക ആക്രമണം തുടങ്ങിയ കാലത്തു പലായനം ചെയ്ത ലക്ഷക്കണക്കിനാളുകൾ ഇപ്പോഴും പലയിടത്തും നരകതുല്യ ജീവിതം നയിച്ചു വരുന്നു . മുമ്പ്, ഫലസ്തീനില്‍ നിന്ന് പലായനം ചെയ്ത് മധ്യപൗരസ്ത്യ ദേശത്തിന്റെ വിവിധ നഗരങ്ങളില്‍ എത്തിപ്പെട്ടവരുടെ കുഞ്ഞുങ്ങള്‍ക്കു സ്വത്വ പ്രതിസന്ധി ഉണ്ടായിരുന്നു. ഇന്നും ചിലര്‍ക്ക് ജോര്‍ദാനിലെയോ ലെബനാനിലെയോ മറ്റോ പാസ്‌പോര്‍ട്ടാണുള്ളത്. ഒരു വീടോ നാടോ ദേശമോ അവകാശപ്പെടാനില്ലാതെ ആയിരങ്ങള്‍ ഭൂമിയില്‍ പിറന്നു വീഴുന്നുവെന്നത് സാമ്രാജ്യത്വത്തിന് ഉല്‍കണ്ഠയല്ല. അവരുടെ ദീര്‍ഘകാല അജണ്ടകളില്‍ അഭയാര്‍ഥികള്‍ പരാമര്‍ശം പോലുമല്ല. ലോകത്തിന്റെ കണ്ണില്‍പൊടിയിടാന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി കുറച്ചു നാണയത്തുട്ടുകള്‍ അവര്‍ നീക്കിവെക്കുമെന്നുമാത്രം.
ഗസ്സയിൽ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രാഈൽ നടത്തിയ നര നായാട്ട് ചരിത്രത്തിൽ ഇല്ലാത്തതാണ് .ഒരേ സമയം കര ,വ്യോമ ആക്രമണങ്ങളായിരുന്നു .പിഞ്ചു കുഞ്ഞുങ്ങളെയടക്കം വെടിവെച്ചു .ഗസ്സയിലും വെസ്റ്റ് ബാങ്കിലും 20 ലക്ഷത്തോളം പേർ അഭയാർത്ഥികളാണ് .തണുപ്പ് കാലമായതോടെ ഇവർക്ക് ജീവിതം നരക തുല്യമായി .മതിയായ വസ്ത്രങ്ങളോ ഔഷധങ്ങളോയില്ല .മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങൾ സഹായം എത്തിക്കാൻ ശ്രമിക്കുന്നു .പക്ഷേ ,കടമ്പകൾ ഏറെ കടക്കണം .ഗസ്സയിൽ ഇസ്രാഈൽ സൈന്യത്തിന്റെ അനുമതി അനിവാര്യം .
യു എ ഇ വൻ തോതിൽ ഗസ്സയിലേക്ക് സഹായം എത്തിക്കുന്നു .ഈ ആഴ്ച ഗസ്സ മുനമ്പിലേക്ക് 25 ലോറികളിലായി 309.5 ടണ്ണിലധികം മാനുഷിക സഹായം എത്തിച്ചു.യു എ ഇയുടെ ഏറ്റവും വലിയ ദുരിതാശ്വാസ സംരംഭമാണ് നടന്നു കൊണ്ടിരിക്കുന്നത് .അഭയാർത്ഥി കൂടാരങ്ങളിൽ താമസിക്കുന്ന 9,500 പേരെയാണ് ഈ 25 ലോറികൾ ലക്ഷ്യമിടുന്നത്.ഓപ്പറേഷൻ ശിവാലറസ് നൈറ്റ് 3 ന്റെ ഭാഗമായി, തെക്കൻ ഗസ്സയിൽ ഖാൻ യൂനിസിലെ അൽ അഖ്‌സ സർവകലാശാലയ്ക്ക് സമീപമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരിക്കും സഹായം . ഏറ്റവും പുതിയ ഘട്ടത്തിൽ ജല വിതരണ , മലിനജല ശൃംഖലകളുടെ സുപ്രധാന അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട് . ബേക്കറികൾക്കും സൂപ്പ് കിച്ചണുകൾക്കും ആവശ്യമായ അസംസ്കൃത സാധനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു . ഈജിപ്തിൽ നിന്ന് റഫ അതിർത്തി വഴി മുനമ്പിലേക്ക് മാനുഷിക വസ്തുക്കൾ എത്തിച്ചത് രണ്ട് യു എ ഇ സഹായ സംഘങ്ങളാണ് . ഭക്ഷണം, കൂടാരങ്ങൾ , മറ്റ് അവശ്യവസ്തുക്കൾ എന്നിവയെല്ലാമുണ്ട് .എന്നാൽ ഇത്തരം സഹായങ്ങൾക്ക് പോലും ഇസ്രാഈൽ സൈന്യത്തിന്റെ അനുമതി വേണം .ആ നിലയ്ക്ക് മാറ്റം വേണം .എന്നാലേ വെടിനിർത്തലിന്റെ അന്തഃസത്ത പാലിക്കപ്പെടുകയുള്ളൂ .
0 8 2 minutes read