മത്സരം സമനിലയിൽ അവസാനിച്ചാൽ ആദ്യ ഇനിങ്സിൽ ലീഡ് നേടിയ ടീം ഫൈനലിലേക്ക് ക്വാളിഫൈ ചെയ്യും…!
എന്ന നിലയിൽ രഞ്ജി ട്രോഫി സെമിയുടെ അവസാന ദിനം ബാറ്റ് ചെയ്യുന്ന ഗുജറാത്തിനു,
കേരളത്തിന് എതിരെ അവസാന വിക്കറ്റിൽ ലീഡിന് വേണ്ടത് വെറും മൂന്ന് റൺസ് ആണ്……
കേരളത്തിന് വേണ്ടത് ഒരു വിക്കറ്റും…….!
48 പന്തുകൾ വിജയകരമായി പ്രതിരോധിച്ചു ഒരു ബൗണ്ടറിയോടെ 10 റൻസുമായി ബാറ്റ് ചെയ്യുന്ന നാഗസ്വാലക്ക് മുന്നിലേക്ക് ആദിത്യ സർവ്വതെ ബോൾ എറിയുവാൻ വരുകയാണ്…..
ലെഗ് സ്റ്റമ്പ് ഗാർഡ് എടുത്തു ഫീൽഡർ പൊസിഷൻ ക്രോസ് ചെക്ക് ചെയ്ത് കൊണ്ടു ആത്മവിശ്വാസത്തോടെ അടുത്ത പന്ത് നേരിടാൻ തയാറെടുത്ത നാഗസ്വാലയുടെ മനസ്സിൽ ഡീപ് വിക്കറ്റിനും സ്‌ക്വയർ ലെഗ്ഗിനും ഇടയിലുള്ള ശൂന്യത മാത്രമായിരുന്നു…..
ഷോർട് ലെഗിൽ ഫീൽഡ് ചെയ്യുന്ന ഫീൽഡരുടെ തലയ്ക്കു മുകളിലൂടെ ആ പന്തിനെ കടത്തി വിട്ടാൽ ആ പന്ത് കാവൽക്കാർ ആരുമില്ലാത്ത ആ ശൂന്യതയിലൂടെ ഒഴുകി ബൗണ്ടറി വര കടക്കുമെന്നും അതിലൂടെ തന്റെ ടീം ഫൈനലിലേക്ക് കടക്കുമെന്നും അയാൾ കരുതിയിരിക്കാം….
ആദിത്യയുടെ പന്തിനെ കൃത്യമായി മിഡിൽ ചെയ്തു ഷോട്ട് കളിക്കുന്നത് വരെ അയാളുടെ പ്ലാൻ കൃത്യമായിരുന്നു…..
എന്നാൽ അയാളുടെ പ്ലാനുകളെയും ഗുജറാത്തിന്റെ മോഹങ്ങളെയും വഹിച്ചു കൊണ്ടു ബൗണ്ടറി തേടി പോകുന്ന പന്തിനു മുന്നിൽ പൊടുന്നനെയൊരു ഹെൽമെറ്റ് പ്രത്യക്ഷ്യപെടുകയാണ്!!
ആ ഹെൽമെറ്റിൽ തട്ടി ഗതി മാറി ഉയർന്നു പൊങ്ങിയ പന്ത് സ്ലിപ്പിൽ ഫീൽഡിൽ ചെയ്യുന്ന സച്ചിൻ ബേബിയുടെ കൈകളിലേക്ക് താണീറങ്ങുകയും….!!
കേരളം രഞ്ജിയുടെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക് ചുവട് വക്കുകയും… ❤️
ഗുജറാത്തിന്റെ അവസാന വിക്കറ്റ് വീണതിന്റെ ആവേശത്തിൽ സന്തോഷത്തിൽ ആർപ്പ് വിളിച്ചു ആഘോഷിക്കുന്ന കേരള ടീമിനെ നോക്കി സച്ചിൻ ബേബിയുടെ കയ്യിലിരിക്കുന്ന ചുവന്ന പന്ത് ഒരു പക്ഷെ ചോദിക്കുമായിരിക്കാം
” ഇങ്ങനെയുള്ള ഹെൽമെറ്റിൽ തട്ടിയുള്ള വിജയമൊക്കെ ഒരു വിജയമാണോ?
എന്ന്!
മറുപടിക്കു വേണ്ടി അലയുന്ന ആ ചോദ്യത്തിന് തീർച്ചയായും ആ ഹെൽമെറ്റ് ഉത്തരം നൽകും അവ ഇങ്ങനെയാകാം……!
“ബൗണ്ടറി തിരഞ്ഞു പോയ നിന്നെ തടഞ്ഞു നിർത്തിയത് ഞാനാണ് കാരണം ഞാൻ ഇരുന്നത് അയാളുടെ ശിരസിൽ ആയിരുന്നു…….!
മുംബയെയും ബറോഡയെയും തോൽപിച്ചെത്തിയ ജമ്മു കാശ്മീരിനെ ഏതാണ്ട് ഒറ്റക്ക് തടഞ്ഞു നിർത്തിയ…
ബീഹാറിനെതിരെ അവസാന ലീഗ് മാച്ചിൽ ടീം മൊത്തത്തിൽ നേടിയ 351 റൻസിൽ 150 ഉം ഒറ്റക്ക് നേടിയ….
ബംഗാളിന് എതിരെ ഏഴമതായിറങ്ങി 95 റൻസോടെ ബാറ്റ് ചെയ്തു ലീഡ് നേടി ടീമിന് രണ്ട് പോയിന്റ് നേടി കൊടുത്ത…..
ഉത്തർ പ്രദേശിനെതിരെ മുൻനിര തകർന്നപ്പോൾ 93 റൺസ് സ്കോർ കാർഡിൽ ചേർത്തു ഒരിക്കൽ കൂടി ടീമിന് ഇനിങ്സ് ലീഡ് നേടി കൊടുത്ത….
ആ മനുഷ്യന്റെ പരിശ്രമങ്ങളെ എങ്ങനെയാണ് ഞാൻ കണ്ടില്ലെന്നു നടിക്കുക…!
തന്റെ ടീമിന് വേണ്ടി ഒരു സീസൺ മുഴുവനും ചോര വിയർപ്പാക്കി ഒഴുക്കി കളഞ്ഞ അയാൾ കുനിഞ്ഞ ശിരസ്സുമായി ഗ്രൗണ്ട് വിട്ടു പോകുന്നത് എങ്ങനെയാണ് കണ്ടു നിൽക്കുക…..!
ചിലപ്പോഴൊക്കെ ഈ ഗെയിം അതി വൈകാരികം ആകാറുണ്ട് ക്ഷമിക്കുക……..”
സൽമാൻ നിസാറിന്റെ ഹെൽമെറ്റ് പറഞ്ഞു കൊണ്ടേയിരുന്ന വാക്കുകളോട് പൊരുത്തപെടാനാകാതെ ആ ചുവന്ന പന്തിനു മുന്നിൽ വേറെ വഴികൾ ഇല്ലായിരുന്നു……
അഭിനന്ദനങ്ങൾ കേരള ടീം…..❤️
© Sanal Kumar