കാലാവസ്ഥ വ്യതിയാനം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു : ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധേയമായി യു എ ഇ മാതൃക
അബൂദബി| വായു മലിനീകരണവും അത്യുഷ്ണവും പേമാരിയും അടക്കമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ആഗോള തലത്തിൽ ആരോഗ്യ സേവന ദാതാക്കൾക്കുള്ള പങ്ക് ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ അവതരിപ്പിച്ചു . ” കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‍നങ്ങൾ അതാത് സമയം വിലയിരുത്താൻ വിപുലമായ പരിശോധന സംവിധാനം കൊണ്ട് വരണം . നിലവിലുള്ള വിജയകരമായ മാതൃകകളും വിലയിരുത്തണം” ഫലപ്രദമായ പരിഹാര മാർഗങ്ങളിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ച പാനൽ ചർച്ചയിൽ അബുദബി ആസ്ഥാനമായ ബുർജീൽ നടപ്പാക്കിയ മാതൃക അദ്ദേഹം അവതരിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പരിഗണനകൾ ആരോഗ്യ പരിപാലനത്തിൽ ഉൾപ്പെടുത്താനായി സ്ഥാപിച്ച ബുർജീൽ ഹോൾഡിങ്സ് സെൻ്റർ ഫോർ ക്ലൈമറ്റ് ആൻഡ് ഹെൽത്തിന്റെ പ്രവർത്തനങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിരോധ തന്ത്രങ്ങളും കൗൺസിലിംഗും നേരിട്ട് ക്ലിനിക്കൽ കെയറിലേക്ക് ഉൾച്ചേർത്ത് സംയോജിതമായ പ്രവർത്തനങ്ങളാണ് കേന്ദ്രം നടത്തുന്നത്. വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള വിദഗ്ധ ഡോക്ടർമാരെ ഒന്നിപ്പിച്ച് കേസുകൾ പരിശോധിക്കുന്നതോടൊപ്പം കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വെല്ലുവിളികൾ കണ്ടെത്താൻ വിപുലമായ ആരോഗ്യ സ്‌ക്രീനിങ്ങുകളും ഇതിലൂടെ ലക്ഷ്യമിടുന്നു. അടുത്തിടെ ലോക സാമ്പത്തിക ഫോറം പുറത്തിക്കിയ ധവള പത്രത്തിൽ ബുർജീൽ ഹോൾഡിങ്സ് സെൻ്റർ ഫോർ ക്ലൈമറ്റ് ആൻഡ് ഹെൽത്തിന്റെ മാതൃക പരാമർശിച്ചിരുന്നു. ഇറ്റലിയൻ ആരോഗ്യമന്ത്രി ഡോ. ഒറാസിയോ ഷില്ലാസി അടക്കമുള്ള ആഗോള വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു. വിവിധ പങ്കാളികൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനങ്ങളും കൃത്യമായ നിക്ഷേപങ്ങളും മേഖലയിൽ ആവശ്യമാണെന്ന് ഇവർ വിലയിരുത്തി. അർബുദ രോഗ നിർണയവും ചികിത്സാ ലഭ്യതയും മെച്ചപ്പെടുത്താനും ചെലവ് കുറയ്ക്കുന്നതിനും ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രത്യേക ചർച്ചയും ദാവോസിൽ ബുർജീൽ ഹോൾഡിങ്‌സ് സംഘടിപ്പിച്ചു.