ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യും
റോം: ഇറ്റലിയിൽ നിന്ന് യു എ ഇയിലേക്ക് ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ് ധാരണ പത്രത്തിൽ ഒപ്പിട്ടു.യു എ ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഇറ്റലി സന്ദർശനത്തോടനുബന്ധിച്ച് റോമിൽ യു എ ഇ-ഇറ്റലി ബിസിനസ് ഫോറത്തിൽ വെച്ചായിരുന്നു ഇത് സംബന്ധിച്ച ധാരണ പത്രം കൈമാറിയത് . യു എ ഇയുടെ വാണിജ്യ പ്രതിനിധി സംഘാംഗമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ കാർഷിക സംഘടനയായ സൊസൈറ്റി കോപ്പറേറ്റീവ അഗ്രിക്കോളയുമായി ലുലു ഗ്രൂപ്പ് ബിസിനസ് ഫോറത്തിൽ വെച്ച് ധാരണപത്രം കൈമാറി. വിവിധ തരം ആപ്പിളുകൾ സൊസൈറ്റി മുഖേന സംഭരിച്ച് യു.എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിപണനം ചെയ്യും. മെലിൻന്ദ ബ്രാൻഡിലുള്ള ആപ്പിളുകളാണ് ഇറ്റലിയിൽ നിന്നും ലുലു ഇറക്കുമതി ചെയ്യുന്നത്. എം എ യൂസഫലിയും സൊസൈറ്റി കോപ്പറേറ്റീവ എക്സിക്യൂട്ടീവ് ഡയറക്ടർ ലൂക്ക സാഗിലോയുമാണ് ബിസിനസ് ഫോറത്തിൽ വെച്ച് യു എ ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയുടെയും സാന്നിധ്യത്തിൽ ധാരണ പത്രം കൈമാറിയത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ അന്റോണിയോ തജാനി, യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യു ഇ ഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയുദി ഉൾപ്പെടെയുള്ളവർ ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു.
0 20 1 minute read