ഭാരതത്തിന്റെ തണല്‍
75-ാം റിപ്പബ്ലിക് ദിന നിറവിലാണ് ഇന്ത്യ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമായ, മഹത്തായ ഭരണഘടന നിലവില്‍ വന്ന ദിനത്തിന്റെ ഓര്‍മ പുതുക്കുകയുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാര്‍. 1950ല്‍ ഡല്‍ഹിയിലെ രാജ്പഥില്‍ രാഷ്ട്ര പതി രാജേന്ദ്ര പ്രസാദ് കുതിരവണ്ടിയിലിരുന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തിടത്തുനിന്ന് ഇന്നിലേക്ക് എത്തുമ്പോള്‍ ഇന്ത്യ ഏറെ മാറിപ്പോയിട്ടുണ്ട്. യന്ത്രവത്കൃത ആടയാഭരണങ്ങള്‍ അണിഞ്ഞാണ് ആഘോഷങ്ങൾ. ഇന്ത്യക്കാരനെന്ന അഭിമാനബോധം ഓരോ ഭാരതീയനിലും തുടിക്കുന്നുണ്ട്. അനേകം സംസ്‌കാരങ്ങളും ഭാഷകളും ഒരു ചരടില്‍ ഇപ്പോഴും കോര്‍ത്തിണക്കപ്പെട്ടിട്ടുണ്ട്. മതേതരത്വത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും ശ്രമമുണ്ടെങ്കിലും ഇന്ത്യയുടെ ആത്മാവ് അതിനെ ചെറുത്തുനില്‍ക്കുന്നുണ്ട്. വ്യത്യസ്തമതങ്ങളിലും ആചാരങ്ങളിലും അഭിരമിക്കുമ്പോഴും മനുഷ്യര്‍ പരസ്പരം ആശ്ലേഷിക്കുന്നുണ്ട്.’. ലോകമാകെ സുഖം ഭവിക്കട്ടെയെന്നാണ് ആര്‍ഷഭാരതം ഉദ്‌ഘോഷിച്ചത്. ആസേതുഹിമാചലം ആസന്ദേശം പല സന്ദര്‍ഭങ്ങളില്‍ മുഴങ്ങി. അതിന്റെ സാരസത്തയാണ് വിവിധ സംസ്‌കാരങ്ങളുടെ പാരസ്പര്യത്തിന് നിദാനമായത്. കശ്മീരും നാഗാലാന്റും കേരളവും ഗുജറാത്തും മറ്റും കൈകോര്‍ത്തു പിടിച്ചത്. ഇന്ന് ഈ ബഹുസ്വരതയെ ഏകമുഖമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. ഒരു സംസ്‌കാരത്തെ മറ്റിടങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയെ ഛിന്നഭിന്നമാക്കാന്‍ ഭീകരവാദികള്‍ വേറൊരു ഭാഗത്തുണ്ട്. അതിര്‍ത്തി കടന്നാണ് അവരുടെ വരവ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അവര്‍ക്ക് വിലക്കെടുക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ആശ്വാസകരം. പ്രകോപനത്തിനും നിരാശക്കും നിരവധി കാരണങ്ങള്‍ കണ്ടെത്താമെങ്കിലും അതിലൊന്നും വീണുപോകാതെ നോക്കാന്‍ ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹത്തിന് കഴിഞ്ഞു. ഇപ്പോഴും ഇന്ത്യയുടെ വിരിമാറില്‍ ന്യൂനപക്ഷങ്ങളും സാന്ത്വനം തേടുകയാണ്. സംസ്‌കാരങ്ങളുടെ വൈവിധ്യത പൊഴിഞ്ഞു വീഴാതെ നോക്കാന്‍ സോവിയറ്റ് യൂണിയന് പോലും കഴിഞ്ഞില്ലെന്നിരിക്കെ ഭാരതീയരുടെ സാഹോദര്യത്വം വിസ്മയമാണ്. അതിന്റെ ബഹുവര്‍ണ ചിറകിലാണ് ഇനിയുള്ള കാലം ഉയരത്തിലേക്ക് പറക്കേണ്ടത്. ലോകത്തിന് മാതൃകയാകേണ്ടത്.km abbas
0 9 1 minute read