ഗൾഫ് കാഴ്ച
കൗമാരക്കാരിലെ ആക്രമണോൽസുക പ്രവണതകൾ ആശങ്കപ്പെടുത്തുന്നു
കെ എം അബ്ബാസ്
നാട്ടിൽ കുട്ടികളിലും യുവാക്കളിലും അക്രമ പ്രവണത വർധിച്ചിരിക്കുന്നു .തിരുവനന്തപുരത്തും വയനാട്ടിലും നടന്ന കൊലപാതകങ്ങൾ നടുക്കവും ആശങ്കയും ഉളവാക്കുന്നതാണ് .തിരുവനന്തപുരത്തെ കൂട്ടക്കൊലപാതകം അസാധാരണം.സഊദി അറേബ്യയിൽ ദമ്മാമിൽ പ്രവാസത്തിന്റെ എല്ലാ പ്രതിസന്ധികളും അനുഭവിക്കുന്ന വെഞ്ഞാറമൂട് അബ്ദുർറഹീമിന്റെ കുടുംബത്തിനാണ് ദുര്യോഗം സംഭവിച്ചത് .ആ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു .റഹീമിന് സഊദിയിൽ കടബാധ്യതകൾ ഉണ്ടായിരുന്നു .മൂത്ത മകൻ അഫ്‌വാനു നാട്ടിൽ പറയത്തക്ക ജോലിയില്ല .മാതാവ് രോഗി .പിതാവറിയാതെ പലരോടും കടം വാങ്ങിയ മാനസിക സമ്മർദമാകാം അഫ്‌വാന്റെ സമനില തെറ്റിച്ചത് .അഞ്ച് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു .കൊല്ലപ്പെട്ടവരിൽ ഇളയ സഹോദരനുമുണ്ട് .
താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥി ശഹബാസിന്റെ കൊലപാതകത്തിലെ പ്രതിനായകൻ പക്ഷെ ,കൗമാരത്തിന്റെ ആക്രമണോൽസുകതയാണ് .വിദ്യാലയത്തിൽ സഹപാഠികൾ ക്രൗര്യം കാട്ടുകയായിരുന്നു .ശഹബാസിന് മാരകമായി പരിക്കേറ്റു .ആശുപത്രിയിലാണ് മരണം .കുട്ടികളിൽ അക്രമ സ്വഭാവം കൂട്ടുന്നതിൽ സിനിമയും റീൽസുകളും മയക്കു മരുന്ന് വ്യാപനവും വലിയ പങ്കു വഹിക്കുന്നു . പെൺകുട്ടികളിലും മയക്കു മരുന്ന് ആസ്കതിയുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ .ഉത്തരേന്ത്യയിൽ നിന്നാണ് ഇവ കേരളത്തിൽ എത്തുന്നത് .അവയുടെ സ്രോതസുകളിൽ ചെന്ന് പിടികൂടാൻ പൊലീസിന് സാധിക്കുന്നില്ല .ഗൾഫ് രാജ്യങ്ങൾ മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി കൈക്കൊള്ളുന്നു .വിദ്യാർത്ഥികളെ നിരന്തരം നിരീക്ഷിക്കുന്നു .ഗൾഫിൽ ,കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വത്തിനു വേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങളുണ്ട് . കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് അവര്‍ പഠനം നടത്താറുണ്ട് . യു എ ഇയിലെമ്പാടും പത്തു മുതല്‍ 18 വരെ വയസുള്ള കുട്ടികളെ നേരില്‍ കണ്ട്, ജീവിതാനുഭവങ്ങള്‍ ചോദിച്ചറിയാറുണ്ട് . ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ടോയെന്നാണ്പ്രധാനമായും അന്വേഷിക്കുന്നത് . 2011-2012 വിദ്യാലയ വര്‍ഷത്തില്‍ ദുബൈയിൽ നിരവധി കുട്ടികളെ സമീപിച്ച് തയ്യാറാക്കിയ രേഖ ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രാധാന്യമുള്ളതാണ്. ഗള്‍ഫ് സമൂഹത്തില്‍, കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് രേഖ വ്യക്തമാക്കുന്നു. 2939 കുട്ടികളെയാണ് അഭിമുഖത്തിന് വിധേയമാക്കിയത്. അതിലേറെ കുട്ടികളെ കണ്ടുവെങ്കിലും ജീവിതാനുഭവങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായ കുട്ടികളാണ്, സര്‍ക്കാറിന് മാര്‍ഗദര്‍ശനം നല്‍കുന്ന ഈ പ്രക്രിയയില്‍ സഹകരിച്ചത്. വാക്കുകള്‍ കൊണ്ടുള്ള മുറിപ്പെടുത്തലിന് വിധേയമാകാറുണ്ടെന്ന് പല കുട്ടികളും അഭിപ്രായപ്പെട്ടു. ലൈംഗികാതിക്രമങ്ങളെക്കാള്‍, പരുഷമായ വാക്കുകള്‍ കൊണ്ട് ആക്രമണം നടത്താറുണ്ട് പലരും. ലൈംഗികാതിക്രമങ്ങള്‍ ചുരുക്കം സന്ദര്‍ഭങ്ങളിലാണ് സംഭവിക്കുന്നത്.എന്നാലും മറ്റു രാജ്യങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവ്. ശക്തമായ നിയമം ഉള്ളതാകാം, കുട്ടികള്‍ യു എ ഇയില്‍ സുരക്ഷിതരായിരിക്കാന്‍ കാരണം. ദുബൈയില്‍ ‘സൂര്യനെല്ലികള്‍’ ഉണ്ടാകില്ലെന്ന് ആശ്വസിക്കാം.അബൂദബിയിൽ സ്‌കൂള്‍ വിട്ട്, റോഡരുകില്‍ ഒറ്റക്ക് നിന്നിരുന്ന ഒരു പെണ്‍കുട്ടിയെ കണ്ട്, ഇന്നത്തെ യു എ ഇ പ്രസിഡന്റ് അന്നത്തെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍,വാഹനം നിർത്തി കുട്ടിയുടെ അടുത്തെത്തി പ്രയാസം ചോദിച്ചറിഞ്ഞതു ആളുകളുടെ മനസു നിറച്ചാണ് . എന്താണ് ഒറ്റക്ക് നില്‍ക്കുന്നതെന്ന് കുട്ടിയോട് ചോദിക്കുന്നു. പിതാവിനെ കാത്തിരിക്കുകയാണെന്ന് കുട്ടിയുടെ മറുപടി. കുട്ടിയുടെ പിതാവ് വൈകുന്നത് കണ്ടപ്പോള്‍, താന്‍ വീട്ടില്‍ വിടാം എന്ന് കുട്ടിയോട് പറയുന്നു. അപ്പോള്‍ കുട്ടി പറഞ്ഞ മറുപടി ചിന്തോദ്ദീപകമാണ്. അപരിചിതരുടെ കൂടെ പോകരുതെന്ന് പിതാവ് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും പിതാവ് വരുന്നതുവരെ കാത്തിരിക്കുമെന്നും കുട്ടിയുടെ ഉറച്ച വാക്കുകള്‍. ശൈഖ് മുഹമ്മദ് കുട്ടിയുടെ സംരക്ഷണത്തിന് കുറെ നേരം കുട്ടിയോടൊപ്പം വഴിയരുകില്‍ ഇരിക്കുന്ന ചിത്രം പിറ്റേ ദിവസത്തെ മാധ്യമങ്ങൾ പ്രസിദ്ധം ചെയ്തിരുന്നു. യു എ ഇ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സമീപനമാണ് ഇവിടെ വ്യക്തമായത്. അതേസമയം, കുറ്റകൃത്യങ്ങള്‍ തീരെ ഇല്ലെന്നല്ല. ദുബൈ ഫൗണ്ടേഷന്റെ സര്‍വേ പ്രകാരം, മൂന്നു ശതമാനം കുട്ടികള്‍ അധിക്ഷേപങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. തുറിച്ചു നോക്കുക, ശരീരത്തില്‍ സ്പര്‍ശിക്കുക തുടങ്ങിയ ‘മാനഭംഗങ്ങള്‍ക്ക്’ അവര്‍ വിധേയരാകുന്നു. പക്ഷേ, ക്രൂരമായ ആക്രമണങ്ങള്‍ ഇല്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ലീഡേര്‍സ് ആന്റ് ഇന്നൊവേഷന്‍ സെന്ററിന്റെ കണ്ടെത്തൽ .
നാട്ടിൽ വിദ്യാലയങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കു നേരെ സമഗ്ര അന്വേഷണം വേണം . വാസ്തവത്തില്‍ രക്ഷിതാക്കള്‍ക്കിടയിലാണ് ബോധവത്കരണം നടക്കേണ്ടത്. കുട്ടികളുടെ മാനസിക വളര്‍ച്ചയെ തടസപ്പെടുത്തുന്ന, അപകര്‍ഷതയിലേക്ക് തള്ളിവിടുന്ന സമീപനങ്ങള്‍ പാടില്ല. വിടരുന്ന മൊട്ടുകള്‍ പോലെ, പവിത്രവും വിശുദ്ധവുമാണ് കുട്ടികളുടെ മനസ്.അതിൽ ക്രൂരത ഉൾച്ചേർക്കുന്നതും മലിനമാക്കുന്നതും സമൂഹമാണ് . സമൂഹം എന്ന് പറയുമ്പോള്‍ കുടുംബവും ഉള്‍പ്പെടും. ധാര്‍മികതയുള്ള സമൂഹത്തില്‍ കുട്ടികള്‍ വഴിതെറ്റിപ്പോകില്ല. ഇത്തരമൊരു സാഹചര്യമാണ് കേരളത്തിലും എല്ലാവരും ആഗ്രഹിക്കുന്നത്. സാമൂഹിക, മത സംഘടനകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതമല്ലെന്ന് ഓരോ രക്ഷിതാവും കരുതുന്നു. ഇക്കാര്യത്തില്‍ വ്യാപകമായ പഠനങ്ങള്‍ അനിവാര്യം.
നാട്ടിൽ നിന്നെത്തുന്ന വിവരങ്ങൾ കുടുംബ നാഥരിൽ,വിദേശത്തു ,വിശേഷിച്ചു ഗൾഫിൽ കനത്ത സംഘർഷം സൃഷ്ടിക്കുന്നു . ജീവിതോപാധിയിൽ ശ്രദ്ധിക്കാൻ പലർക്കും പറ്റുന്നില്ല .കുടുംബത്തെ ഗൾഫിൽ കൂടെ താമസിപ്പിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരാണ് ഏറെയും .എല്ലാം ഉള്ളിലൊതുക്കി തീ തിന്നുകയാണവർ .സിറാജ് ന്യൂസ് ഗൾഫ്