അൽ ഖുദ്റ പാത വികസനത്തിന് 79.8 കോടി ദിർഹം
ദുബൈIഅൽ ഖുദ്റ പാത വികസന പദ്ധതിക്കായി ആർടിഎ 79.8കോടി ദിർഹത്തിന്റെ കരാർ നൽകി.ഈ പദ്ധതി യാത്രാ സമയം 9.4 മിനിറ്റിൽ നിന്ന് 2.8 മിനിറ്റായി കുറയ്ക്കും . 400,000 താമസക്കാരും സന്ദർശകരും അടങ്ങുന്ന പ്രദേശമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് പദ്ധതി. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ മേൽനോട്ടത്തിലായിരിക്കും റോഡ് അടിസ്ഥാന സൗകര്യ വികസനം. ഗതാഗത പ്രവാഹം പരമാവധി ആക്കുക, എമിറേറ്റിലുടനീളം താമസക്കാർക്കും സന്ദർശകർക്കും സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുക, ദുബൈയിൽ നഗരവികസനത്തെയും ജനസംഖ്യാ വളർച്ചയെയും പിന്തുണയ്ക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അൽ ഖുദ്ര സ്ട്രീറ്റും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡും യോജിക്കുന്ന കവലയിൽ നിന്ന് ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലൂടെ ആരംഭിച്ച് എമിറേറ്റ്സ് റോഡിൽ എത്തുന്നതാണ് പാത വികസനം. നിരവധി ഇന്റർചേഞ്ചുകളുടെ വികസനം, 2,700 മീറ്റർ പാലങ്ങളുടെ നിർമ്മാണം, നിലവിലുള്ള തെരുവിന്റെ 11.6 കിലോമീറ്റർ വികസിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് ആർടിഎ യുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനായ ഡയറക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു. അറേബ്യൻ റാഞ്ചസ് 1 ഉം 2 ഉം, ദുബൈ മോട്ടോർ സിറ്റി, ദുബൈ സ്റ്റുഡിയോ സിറ്റി, അകോയ, മുഡോൺ, ഡമാക് ഹിൽസ്, ദി സസ്റ്റൈനബിൾ സിറ്റി എന്നിവയുൾപ്പെടെ നിരവധി പ്രധാന വികസന മേഖലകൾക്ക് ഇത് ഗുണം ചെയ്യുമെന്നും അറിയിച്ചു .
0 11 1 minute read