പതിമൂന്നാമത് ഭരത് മുരളി നാടകോത്സവം;
തിയറ്റർ ദുബൈയുടെ ‘ജീവന്റെ മാലാഖ’ മികച്ച നാടകം, ഒ. ടി ഷാജഹാൻ മികച്ച സംവിധായകൻ
അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച 13-ാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയറ്റർ ദുബായ് ഇന്റർനാഷണൽ അവതരിപ്പിച്ച ‘ജീവന്റെ മാലാഖ’ മികച്ച നാടകമായും ജീവന്റെ മാലാഖ സംവിധാനം ചെയ്ത ഒ. ടി. ഷാജഹാൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
അഭിമന്യു വിനയകുമാർ സംവിധാനം ചെയ്ത് മാസ് ഷാർജ അവതരിപ്പിച്ച ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രീജിത്ത് രമണന്റെ സംവിധാനത്തിൽ ശക്തി തിയറ്റേഴ്സ് അബുദാബി അവതരിപ്പിച്ച ‘അബദ്ധങ്ങളുടെ അയ്യരുകളി’ യും എമിൽ മാധവിയുടെ സംവിധാനത്തിൽ ദുബൈ അൽഖൂസ് തിയറ്റർ അവതരിപ്പിച്ച ‘രാഘവൻ ദൈ’യും മൂന്നാം സ്ഥാനം പങ്കിട്ടു.
ഫെമിനിസ്റ്റ് മാനിഫെസ്റ്റോ സംവിധാനം ചെയ്ത അഭിമന്യു വിനയകുമാർ മികച്ച രണ്ടാമത്തെ സംവിധായകനായും ജീവന്റെ മാലാഖയിൽ ഫൈസൽ എന്ന കഥാപാത്രത്തിന് ജീവൻ പകർന്ന ഡോ. ആരിഫ് കണ്ടോത്തിനെ മികച്ച നടനായും രാഘവൻ ദൈ യിലെ ഭഗവതിയായി വേഷം കെട്ടിയ ദിവ്യ ബാബുരാജിനെ മികച്ച നടിയായും ഫെമിനിസ്റ്റ് മാനിഫെസ്റ്റോയിൽ മകളായി അഭിനയിച്ച സാക്ഷിത സന്തോഷിനെ മികച്ച ബാലതാരമായും തെരഞ്ഞെടുത്തു.
നീലപ്പായസത്തിലെ അച്ഛാച്ഛനായി വേഷം കെട്ടിയ ബാബുസ് ചന്ദനക്കാവ് മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫെമിനിസ്റ്റ് മാനിഫെസ്റ്റോയിൽ വിവിധ കാഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന മിനി അൽഫോൻസായെ രണ്ടാമത്തെ നടിയായും അമയ ജയചന്ദ്രനെ രണ്ടാമത്തെ ബാലതാരമായും തെരഞ്ഞെടുത്തു.
ജോസ് കോശി (പ്രകാശവിതാനം – ഫെമിനിസ്റ്റ് മാനിഫെസ്റ്റോ), ക്ലിന്റ് പവിത്രൻ (ചമയം – അബദ്ധങ്ങളുടെ അയ്യരുകളി, നീലപ്പായസം, ഫെമിനിസ്റ്റ് മാനിഫെസ്റ്റോ), അനിത ശ്രീജിത്ത്, സുമ വിപിൻ (വസ്ത്രാലങ്കാരം – അബദ്ധങ്ങളുടെ അയ്യരുകളി), വിജു ജോസഫ് (പശ്ചാത്തല സംഗീതം – ജീവന്റെ മാലാഖ), അലിയാർ അലി (രംഗവിതാനം – ജീവന്റെ മാലാഖ) എന്നിവർക്കായിരുന്നു മറ്റു അവാർഡുകൾ.
നാടകോത്സവത്തോടനുബന്ധിച്ച് നടന്ന ഏകാങ്ക നാടകരചന മത്സരത്തിൽ സേതുമാധവൻ പാലാഴി സമ്മാനാർഹനായി.
ഒരു മാസം നീണ്ടു നിന്ന നാടകോത്സവത്തില്‍ ഒൻപത് നാടകങ്ങളാണ് രംഗത്തുണ്ടായിരുന്നത്. വിധികർത്താക്കളായ ഡോ. രാജ വാര്യർ, കെ. എ. നന്ദജൻ എന്നിവർ നാടകങ്ങളുടെ വിശദമായ അവലോകനം നടത്തി.
ഭരത് മുരളിയുടെ നാമധേയത്തിൽ പ്രവാസ ലോകത്ത് മുടക്കം കൂടാതെ ഇങ്ങിനെയൊരു നാടകോത്സവം സംഘടിപ്പിച്ച സംഘാടകരെ അഭിനന്ദിച്ച വിധികർത്താക്കാക്കാൾ വഴിമാറിയ ഭാവുകത്വങ്ങളുടെ ഒട്ടേറെ രീതികളുടെ ആത്മാംശങ്ങൾ ഉൾക്കൊണ്ട നാടകങ്ങളായിരുന്നു അരങ്ങിൽ അവതരിപ്പിച്ച ഒട്ടുമിക്ക നാടകങ്ങളും എന്ന് അഭിപ്രായപ്പെട്ടു. നാട്ടിൽ പോലും കാണാത്തത്ര സ്ത്രീകളുടെ പങ്കാളിത്തം ഓരോ നാടകത്തിലും പ്രതിഫലിച്ചു എന്നത് ഏറ്റവും ശുഭകരമായ കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിധിയായി പങ്കെടുത്തു.
സെന്റർ ഫൈനാൻസ് കമ്മിറ്റി ചെയർമാൻ അഡ്വ . അൻസാരി സൈനുദ്ധീൻ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി. വി. സുരേഷ്കുമാർ, വേദ ആയുർവേദിക് മെഡിക്കൽ സെന്റർ മാനേജിങ്ങ് ഡയറക്ടർ റിജേഷ്, ഇവർ സേഫ് ഫയർ ആന്റ് സേഫ്റ്റി മാനേജിങ്ങ് ഡയറക്ടർ എം. കെ. സജീവൻ, സെന്റർ വനിതാ വിഭാഗം ആക്ടിങ്ങ് കൺവീനർ രജിത വിനോദ്, ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ വിധിപ്രഖ്യാപനം നടത്തി. തുടർന്ന് ജേതാക്കൾക്കുള്ള അവാർഡ് സമർപ്പണവും നാടകോത്സവത്തിൽ പങ്കെടുത്ത സംഗീതകൾക്കുള്ള പങ്കാളിത്ത സർട്ടീഫിക്കറ്റ് വിതരണവും നടന്നു. വിധികർത്താക്കൾക്കുള്ള സ്നേഹോപഹാരവും ചടങ്ങിൽ വെച്ച് സമ്മാനിച്ചു.
ചടങ്ങിൽ കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും ജോ. സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു.
ഫോട്ടൊ:
ഒ. ടി. ഷാജഹാൻ (മികച്ച സംവിധായകൻ)
ഡോ. ആരിഫ് കണ്ടോ ത്ത് (മികച്ച നടൻ)
ദിവ്യ ബാബുരാജ് (മികച്ച നടി)
സാക്ഷിത സന്തോഷ് (മികച്ച ബാലതാരം)