സ്നേഹ സാന്ത്വനവുമായി അക്കാഫ് ലേബർ ക്യാമ്പുകളിൽ
ദുബൈl അക്കാഫ് അസോസിയേഷൻ ലേബർ ക്യാമ്പുകളിൽ ഇഫ്താർ ബോക്സ് 6 എന്ന പേരിൽ ഇഫ്താർ കിറ്റ് വിതരണം തുടങ്ങി. പുണ്യ മാസത്തിലെ കരുണയും ദയയും പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ റമസാൻ ആദ്യ ദിവസം തന്നെ അക്കാഫ് അസോസിയേഷന്റെ വളണ്ടിയർമാർ ദുബൈയിൽ വിവിധ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകളുമായി എത്തി. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി, ദുബൈ ഇസ്ലാമിക് അഫയേഴ്സ്, എന്നിവരുമായി സഹകരിച്ചാണ് ഇത്തവണയും അക്കാഫ് ഇഫ്താർ കിറ്റ് വിതരണം നടത്തുന്നത്. കൂടാതെ ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ പോലീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും വിവിധ കോളജ് അലുംനികളും , വെസ്റ്റ് സോൺ സൂപ്പർമാർക്കറ്റ് തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളും ഇഫ്താർ കിറ്റ് വിതരണവുമായി സഹകരിക്കുന്നുണ്ട്. ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്ന ഇഫ്താർ ബോക്സ് 6 ജനറൽ കൺവീനർ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ജോഷി കെ വി അറിയിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ ബീന ശശികുമാർ, കൊടുങ്ങല്ലൂർ കെ കെ ടി എം കോളജിലെ നജീബ് ഹമീദ്, മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിലെ വേലായുധൻ എസ്, ചിറ്റിലപ്പിള്ളി ഐ ഇ എസ് എഞ്ചിനീയറിംഗ് കോളജിലെ പി കെ ഷാഹുൽ ഹമീദ് എന്നിവരാണ് ഇഫ്താർ ബോക്സ് 6 ന്റെ ജോയിന്റ് ജനറൽ കൺവീനർമാർ. ആദ്യ ദിവസം തന്നെ അൽ ഖൂസിലെ ലേബർ ക്യാമ്പിൽ ആയിരത്തോളം കിറ്റുകൾ വിതരണം ചെയ്തു. അൽഖൂസിന് പുറമെ സോനാപൂരിലെ ലേബർ ക്യാമ്പുകളിലും കിറ്റുകൾ വിതരണം ചെയ്യുന്നു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപ് എ എസ്, ട്രഷറർ നൗഷാദ് മുഹമ്മദ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, എന്നിവരും വിവിധ കോളജ് അലുംനി ഭാരവാഹികളും ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നുണ്ട്.
0 110 1 minute read