എക്സ്പോഷർ തുടങ്ങി ,48 രാജ്യങ്ങളുടെ പങ്കാളിത്തം
ഷാർജ |രാജ്യാന്തര ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ ‘എക്സ്പോഷർ’ ഷാർജയിൽ ആരംഭിച്ചു .ഷാർജ ഉപ ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണ് അൽജാദയിൽ എക്സ്പോഷർ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ 9-ാമത് പതിപ്പ് ഉദ്ഘാടനം ചെയ്തത് . ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രകൃതിദൃശ്യങ്ങളിലേക്ക് കടക്കുകയും നിർണായക നിമിഷങ്ങൾ പകർത്തുകയും ചെയ്യുന്ന ഫോട്ടോഗ്രാഫർമാർ കലാകാരന്മാരാണെന്നു എസ് ജി എം ബി ഡയറക്ടർ ജനറൽ താരിഖ് സയീദ് അല്ലായ് പറഞ്ഞു .നിരവധി ആശയങ്ങളും സംസ്കാരങ്ങളും ഒത്തുചേരുന്ന,മൂല്യങ്ങൾ ജീവസുറ്റതാക്കുന്ന പ്രദർശനമാണിത് .പരിസ്ഥിതി പ്രവർത്തകനും രാജ്യാന്തര ഫോട്ടോഗ്രാഫറുമായ സെബാസ്റ്റ്യൻ കോപ്ലാൻഡ് ക്ലാസ്സെടുത്തു .ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുന്ന ഈ മേളയിൽ 48 രാജ്യങ്ങളിൽ നിന്നു 420 ഫോട്ടോഗ്രാഫർമാർ, ചലച്ചിത്ര സംവിധായകർ , ദൃശ്യ മാധ്യമ മേഖലയിലെ വിദഗ്ധർ ഒത്തുചേരുന്നു.
49,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിശാലമായ വേദിയിലാണ് പ്രദർശനം . ഡോക്യുമെന്ററി മുതൽ മാനുഷിക ഫോട്ടോഗ്രാഫി വരെയുള്ള വൈവിധ്യമാർന്ന ദൃശ്യ കഥപറച്ചിൽ വിഭാഗങ്ങളെക്കുറിച്ച് പ്രദർശനം ഉൾക്കാഴ്ച നൽകുന്നു . ഫോട്ടോഗ്രാഫർമാരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ശിൽപശാലകളും രൂപകൽപ്പന ചെയ്തിട്ടുണ്ട്



